കാസര്‍ഗോഡ്: പെരിയയില്‍ രണ്ടു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ സംഭവത്തില്‍ മുഖ്യ ആസൂത്രകനെന്നു സംശയിക്കുന്ന സിപിഎം ലോക്കല്‍ കമ്മറ്റിയംഗവും ഏച്ചിലടുക്കം സ്വദേശിയുമായ എ. പീതാംബരന്റെ അറസ്റ്റ് രേഖപ്പെടുത്തി. തിങ്കളാഴ്ച അര്‍ധരാത്രി കസ്റ്റഡിയിലെടുത്ത പീതാംബരനെ പോലീസ് വിശദമായി ചോദ്യം ചെയ്തതിനുശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ഇയാളെ ബുധനാഴ്ച കോടതിയില്‍ ഹാജരാക്കും.
കൊലപാതകവുമായി ബന്ധപ്പെട്ട് മറ്റ് ആറുപേര്‍ കൂടി പോലീസിന്റെ കസ്റ്റഡിയിലുണ്ട്. നിലവില്‍ രണ്ടു ഡിവൈഎസ്പിമാരും നാലു സിഐമാരും ജില്ലാ പോലീസ് മേധാവിയുടെ സ്ക്വാഡ് അംഗങ്ങളും ഉള്‍പ്പെട്ട പ്രത്യേക അന്വേഷണ സംഘമാണ് സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നത്. ആവശ്യമെങ്കില്‍ അന്വേഷണ സംഘം വിപുലീകരിക്കാനും പദ്ധതിയുണ്ട്.
കല്യോട്ടിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ്, ശരത് ലാല്‍ എന്നിവരാണു കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത്. ശരത് ലാലിനെ ലക്ഷ്യമിട്ടാണ് കൊലയാളിസംഘം ആക്രമണം നടത്തിയതെന്ന നിഗമനത്തിലാണ് അന്വേഷണസംഘം. കേസില്‍ ദൃക്സാക്ഷി ഉണ്ടാകാതിരിക്കാനാണ് കൃപേഷിനെയും വകവരുത്തിയത്. സിപിഎം ലോക്കല്‍ കമ്മിറ്റിയംഗമായ എ. പീതാംബരനെ മര്‍ദിച്ച കേസില്‍ വധശ്രമത്തിന് അറസ്റ്റിലായി റിമാന്‍ഡ് ചെയ്യപ്പെട്ട ശരത് ജാമ്യത്തിലിറങ്ങി ഒരാഴ്ചയ്ക്കുള്ളിലാണ് അതിദാരുണമായി കൊല്ലപ്പെട്ടത്.
ഈ സംഭവത്തില്‍ ശരത് ലാലിനെ ഒന്നാംപ്രതിയാക്കിയാണ് ബേക്കല്‍ പോലീസ് വധശ്രമത്തിനു കേസെടുത്തിരുന്നത്. കൃപേഷിനെ ആറാം പ്രതിയാക്കിയിരുന്നെങ്കിലും സംഭവദിവസം സ്ഥലത്തില്ലായിരുന്നു എന്നു വ്യക്തമായതോടെ പ്രതിപ്പട്ടികയില്‍ നിന്നൊഴിവാക്കുകയായിരുന്നു.
സിപിഎം നിയന്ത്രണത്തിലുള്ള മുന്നാട് പീപ്പിള്‍സ് കോളജില്‍ പഠിക്കുന്ന കല്യോട്ട് സ്വദേശികളായ കഐസ്യു പ്രവര്‍ത്തകര്‍ക്കു പലതവണ കോളജില്‍വച്ച് എസ്എഫ്ഐ പ്രവര്‍ത്തകരുടെ ക്രൂരമര്‍ദനമേറ്റിരുന്നു. കുട്ടികളെ മര്‍ദിക്കുന്നത് അവസാനിപ്പിക്കണമെന്നും കെഎസ് യുവിനും പ്രവര്‍ത്തനസ്വാതന്ത്ര്യം അനുവദിക്കണമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പിടിഎ യോഗങ്ങളില്‍ പലതവണ ആവശ്യപ്പെട്ടെങ്കിലും യാതൊരു പ്രയോജനവുമുണ്ടായില്ല. ഇതേത്തുടര്‍ന്നാണ് കല്യോട്ട് ഒരുതവണ കോളജിന്റെ ബസ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞത്.
ഇത് സിപിഎം ലോക്കല്‍ കമ്മിറ്റിയംഗവുമായ എ. പീതാംബരന് ചോദ്യം ചെയ്തു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പീതാംബരനെ മര്‍ദിച്ചു. കഴിഞ്ഞ ജനുവരിയില്‍ അറസ്റ്റിലായ ശരത് 21 ദിവസം ജയിലില്‍ കിടന്ന ശേഷമാണു ജാമ്യത്തില്‍ പുറത്തിറങ്ങിയത്.