പ്രശസ്ത ചിത്രകാരന്‍ യൂസഫ് അറയ്ക്കല്‍ അന്തരിച്ചു

240

ബെംഗളൂരു• പ്രശസ്ത മലയാളി ചിത്രകാരന്‍ യൂസഫ് അറയ്ക്കല്‍ (71) അന്തരിച്ചു. നിരവധി രാജ്യാന്തര, ദേശീയ പുരസ്കാരങ്ങള്‍ നേടിയിട്ടുള്ള അദ്ദേഹം വര്‍ഷങ്ങളായി ബാംഗ്ലൂരിലായിരുന്നു താമസം. 1945ല്‍ തൃശൂരിലെ ചാവക്കാടാണ് യൂസഫ് അറയ്ക്കല്‍ ജനിച്ചത്. കോഴിക്കോട് അറയ്ക്കല്‍ കുടുംബാംഗമാണ് യൂസഫിന്റെ മാതാവ്. കര്‍ണാടക ചിത്രകലാപരിഷത്തിലെ ആദ്യബാച്ച്‌ വിദ്യാര്‍ഥിയായിരുന്നു.1979ലും ’81ലും കര്‍ണാടക സംസ്ഥാന ലളിതകലാ അക്കാദമി അവാര്‍ഡും 1983ല്‍ ദേശീയ അവാര്‍ഡും ലഭിച്ചിട്ടുണ്ട്. ഫ്ലോറന്‍സ് ഇന്റര്‍നാഷനല്‍ ബിനാലെയില്‍ ലോറന്‍സോ ഡി മെഡിസി സ്വര്‍ണ മെഡല്‍ കരസ്ഥമാക്കിയിട്ടുണ്ട്. കേരളം രാജാരവിവര്‍മ പുരസ്കാരം നല്‍കി ആദരിച്ചിരുന്നു.പ്രശസ്തമായ ചാവക്കാട്ടെ അറയ്ക്കല്‍ കുടുംബത്തില്‍ ജനിച്ച യൂസഫിനു വളരെ ചെറുപ്പത്തില്‍ തന്നെ മാതാപിതാക്കളെ നഷ്ടപ്പെട്ടു. മാതാപിതാക്കളുടെ മരണത്തോടെ ബാംഗ്ലൂരിലേക്കു താമസം മാറുകയായിരുന്നു. ചുമര്‍ ചിത്രങ്ങള്‍, ശില്‍പനിര്‍മാണം, പ്രിന്റിങ്, എന്നിവയ്ക്കു പുറമെ ചിത്രരചനയെക്കുറിച്ചു നിരവധി പുസ്തകങ്ങളും അദ്ദേഹത്തിന്റെ പേരിലുണ്ട്. മനുഷ്യന്റെ വേദനകള്‍ വരച്ചുചേര്‍ത്ത ചിത്രങ്ങളായിരുന്നു അദ്ദേഹത്തിന്റേത്.

NO COMMENTS

LEAVE A REPLY