കൊച്ചി : കടവന്ത്ര ബ്യൂട്ടി പാർലർ വെടിവയ്പ്പുകേസിലെ പ്രതിയും കാസർകോട്ടെ ഗുണ്ടാനേതാവും പിടികിട്ടാ പ്പുള്ളിയുമായ യൂസഫ് സിയ അറസ്റ്റിൽ. ഇയാൾ വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ മുംബൈ വിമാനത്താവളത്തിൽ വ്യാഴാഴ്‌ച പുലർച്ചെയാണ് പിടിയിലായത്.
വ്യാജ പാസ്‌പോർട്ടുമായി വിമാനത്താവളത്തിലെത്തിയ സിയയെ പൊലീസിന്റെ നോട്ടീസുള്ളതിനാൽ സുരക്ഷാ ജീവനക്കാർ തടയുകയായിരുന്നു. കേരള പൊലീസിന്റെ തീവ്രവാദവിരുദ്ധ സേന (എടിഎസ്) ഏറ്റുവാങ്ങി കൊച്ചി യിലെത്തിച്ചു. ചോദ്യം ചെയ്യലിനുശേഷം ഇയാളെ വെള്ളിയാഴ്‌ച കോടതിയിൽ ഹാജരാക്കും.
സിയ അറിയിച്ചതുപ്രകാരമാണ് നടി ലീന മരിയ പോളിനെ പണത്തിനായി അധോലോക കുറ്റവാളിരവി പൂജാരി ഭീഷണിപ്പെടുത്തിയത്. വഴങ്ങാത്തതിനെ തുടർന്ന് പെരുമ്പാവൂരിലെ ഗുണ്ടാനേതാവിന് സിയ ക്വട്ടേഷൻ നൽകി ബിലാൽ, വിപിൻ എന്നിവരെ കൃത്യം ചെയ്യാൻ ചുമതലപ്പെടുത്തുകയും 2018 ഡിസംബർ പതിനഞ്ചിന് പനമ്പിള്ളി നഗറിലെ ലീനയുടെ ബ്യൂട്ടി പാർലറിൽ വെടിവയ്‌പ് നടത്തുകയും ചെയ്തു .
കേസിൽ ബിലാൽ, വിപിൻ, അൽത്താഫ് എന്നിവരെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്‌തിരുന്നു. മറ്റു പ്രതികളായ നിസാം സലിം, അജാസ് എന്നിവരെ പിടി കൂടുന്നതിനുള്ള തെരച്ചിൽ നടന്നു വരുന്നു
Read more: https://www.deshabhimani.com/news/kerala/kochi-beauty-parlor-shooting-yusuf-zia-arrested/981622