പാലക്കാട് • കേരളത്തില്‍ നിന്നു ദുരൂഹസാഹചര്യത്തില്‍ യുവാക്കളെ കാണാതായ സംഭവങ്ങളുമായി ബന്ധപ്പെട്ടു സംസ്ഥാന ഇന്റലിജന്‍സ് സമൂഹ മാധ്യമങ്ങളില്‍ നിരീക്ഷണം ശക്തമാക്കി. ഫേസ്ബുക്ക്, ട്വിറ്റര്‍, വാട്സാപ് എന്നിവ ഉള്‍പ്പെടെയുള്ള സമൂഹമാധ്യമങ്ങളിലെ പോസ്റ്റുകളും സന്ദേശങ്ങളും നിരീക്ഷിക്കാന്‍ സൈബര്‍സെല്‍ ഉദ്യോഗസ്ഥര്‍ക്കാണു നിര്‍ദേശം നല്‍കിയത്. തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്നു സംശയിക്കുന്ന പോസ്റ്റുകളോ കമന്റുകളോ ശ്രദ്ധയില്‍പ്പെട്ടാല്‍ അതിന്മേല്‍ നടപടി ആരംഭിക്കും.
വാട്സാപ് സെര്‍വര്‍ അമേരിക്കയിലായതിനാല്‍ ഇതുവഴി കൈമാറുന്ന സന്ദേശങ്ങളെ സംബന്ധിച്ചു കൂടുതല്‍ വിവരങ്ങള്‍ ലഭിക്കാന്‍ കേന്ദ്ര ഏജന്‍സികള്‍ മുഖേന ശ്രമിക്കും. സൈബര്‍ കാര്യങ്ങള്‍ നിരീക്ഷിക്കാനും തുടര്‍ നടപടിക്ക് അനുമതി തേടാനും ഐജി തലത്തിലുള്ള ഉദ്യോഗസ്ഥനെ നോഡല്‍ ഓഫിസറായി നിയമിച്ചു. എന്നാല്‍ രഹസ്യ കോഡുകള്‍ ഉപയോഗിച്ച് ആശയവിനിമയം നടത്താനുള്ള ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷനുകള്‍ പൊലീസിനു തലവേദനയാകുന്നുണ്ട്. ഇത്തരം ആപ്ലിക്കേഷന്‍ വഴി കൈമാറുന്ന സന്ദേശങ്ങള്‍ അയയ്ക്കുന്ന ആളിനും ലഭിക്കുന്നയാളിനും മാത്രമെ വായിക്കാനാകൂ. രഹസ്യ കോഡ് നല്‍കിയാല്‍ മാത്രമെ ഇത്തരം സന്ദേശങ്ങള്‍ തുറക്കാനാകൂ.
ദൃശ്യങ്ങളും ഓഡിയോകളും ഇത്തരത്തില്‍ രഹസ്യ കോഡ് ഉപയോഗിച്ചു കൈമാറാനാകും. ഏതു രാജ്യത്തുനിന്നും ഇന്റര്‍നെറ്റ് വഴി ഇത്തരത്തില്‍ സന്ദേശമയയ്ക്കാം. യുവാക്കളെ കാണാതാകുന്ന സാഹചര്യത്തില്‍ ഇത്തരം ആപ്ലിക്കേഷനുകള്‍ക്കു നിരോധനം ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ടു പൊലീസ് കേന്ദ്ര സര്‍ക്കാരിനെ സമീപിച്ചേക്കും. കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്ന വാട്സാപ് ഒഴിവാക്കി അത്ര പ്രചാരമില്ലാതെ ടെലിഗ്രാം ഉള്‍പ്പെടെയുള്ള സമൂഹ മാധ്യമങ്ങള്‍ വഴിയാണു തീവ്രവാദ സംഘടനകള്‍ സന്ദേശങ്ങള്‍ കൈമാറുന്നതെന്നു പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
ആന്‍ഡ്രോയ്ഡ് മാര്‍ക്കറ്റില്‍ നിന്നു സുരക്ഷിതമല്ലാത്ത ആപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്യരുതെന്നാണു പൊലീസിന്റെ മുന്നറിയിപ്പ്. മൊബൈല്‍ ഫോണില്‍ പേരു സേവ് ചെയ്തിട്ടില്ലെങ്കിലും വിളിക്കുന്നയാളെ കണ്ടെത്താന്‍ ഉപയോഗിക്കുന്ന ആപ്ലിക്കേഷനുകള്‍ സുരക്ഷിതമല്ലെന്നും സൈബര്‍സെല്‍ ഓര്‍മിപ്പിക്കുന്നു.