തിരുവനന്തപുരം: പിഎസ് സി റാങ്ക് ലിസ്റ്റ് വിഷയത്തില്‍ യുവമോര്‍ച്ച സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാര്‍ച്ച് അക്രമാസക്തമായി. പ്രതിഷേധക്കാര്‍ക്കു നേരെ പോലീസ് ലാത്തിവീശി. പ്രതിഷേധക്കാര്‍ പോലീസിനു നേരെ കല്ലേറു നടത്തി. പ്രതിഷേധക്കാരെ പിരിച്ചു വിടാന്‍ പോലീസ് ജലപീരങ്കിയും കണ്ണീര്‍ വാതകവും പ്രയോഗിച്ചു. ഈ മാസം അവസാനത്തോടെ കാലാവധി അവസാനിക്കുന്ന റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടമണെന്നാവശ്യപ്പെട്ട് യുവമോര്‍ച്ച സെക്രട്ടറിയേറ്റ് മുന്നില്‍ അനിശ്ചിതകാല നിരാഹാര സമരം നടത്തുന്നുണ്ട്. കൂടാതെയാണ് യുവമോര്‍ച്ച സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ച് നടത്തിയത്. പ്രതിഷേധക്കാര്‍ പോലീസ് ബാരിക്കേഡ് തകര്‍ക്കാന്‍ ശ്രമിച്ചു.
ബാരിക്കേഡ് കടന്ന് അകത്തേക്ക് പ്രവേശിക്കാന്‍ ശ്രമിച്ച യുവമോര്‍ച്ച പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. തുടര്‍ന്നാണ് പ്രതിഷേധം സംഘര്‍ഷത്തിലേക്ക് വഴിമാറിയത്. പോലീസിന് പല തവണ ജലപീരങ്കി പ്രയോഗിക്കേണ്ടതായി വന്നു. എന്നിട്ടും പ്രതിഷേധക്കാര്‍ പ്രതിഷേധം തുടര്‍ന്നതോടെയാണ് കണ്ണീര്‍ വാതകം പ്രയോഗിച്ചത്. പ്രതിഷേധക്കാര്‍ പോലീസിനു നേരെ കല്ലേറു നടത്തി. തുടര്‍ന്ന് പോലീസ് ലാത്തി വീശുകയായിരുന്നു. പത്തോളം പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു. ഇവരെ പോലീസിന്റെ ആംബുലന്‍സില്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റി. രണ്ട് പോലീസുകാര്‍ക്കും ഒരു മാധ്യമ പ്രവര്‍ത്തകനും പരുക്കേറ്റു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ഉള്‍പ്പെടെയുള്ളവര്‍ എത്തിയാണ് പ്രവര്‍ത്തകരെ അനുനയിപ്പിച്ചത്.