കൊച്ചി: വ്യവസായിയെ തട്ടിക്കൊണ്ട് പോയി ഭീഷണിപ്പെടുത്തിയ കേസിലെ പ്രതി സക്കീര്‍ ഹുസൈനെ സി.പി.എം കളമശ്ശേരി ഏരിയാ സെക്രട്ടറി സ്ഥാനത്ത് നിന്നും മാറ്റി. ജില്ലാ സെക്രട്ടറി പി.രാജീവാണ് ജില്ലാ സെക്രട്ടേറിയറ്റിന്‍റെ തീരുമാനം പത്രസമ്മേളനത്തിലൂടെ അറിയിച്ചത്. അന്വേഷണം നടക്കുന്നതിനാലാണ് സക്കീര്‍ ഹുസൈനെ മാറ്റിനിര്‍ത്തുന്നതെന്ന് രാജീവ് വ്യക്തമാക്കി. ഏരിയാ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റിയെങ്കിലും ജില്ലാ കമ്മിറ്റിയില്‍ സക്കീര്‍ തുടരും. അന്വേഷണം അവസാനിക്കുന്നത് മാറി നില്‍ക്കാനാണ് വെള്ളിയാഴ്ച ചേര്‍ന്ന സെക്രട്ടേറിയറ്റ് യോഗം സക്കീര്‍ ഹുസൈനോട് ആവശ്യപ്പെട്ടത്. കുറ്റക്കാരെ ഒരു തരത്തിലും വെച്ചുപൊറുപ്പിക്കുന്ന സ്വഭാവം സി.പി.എമ്മിനില്ല. തെറ്റുകാരനാണെന്ന് കണ്ടെത്തിയാല്‍ സക്കീര്‍ ഹുസൈനെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു. വനിതാ സംരഭകയെ മുഖ്യമന്ത്രിയുടെ പേരുപറഞ്ഞ് ഭീഷണിപ്പെടുത്തി 75 ലക്ഷം രൂപയും ആഡംബര കാറും ആഭരണങ്ങളും തട്ടിയെടുത്തെന്നാണ് സക്കീര്‍ ഹുസൈനിനെതിരെയുള്ള പരാതി. കൊച്ചിയില്‍ ഗുണ്ടകളെ അമര്‍ച്ച ചെയ്യാനായി രൂപീകരിച്ച സിറ്റി ട്രാഫിക് ടാസ്ക് ഫോഴ്സില്‍ രജിസ്റ്റര്‍ ചെയ്ത ആദ്യത്തെ കേസാണ് സക്കീറിനെതിരെയുള്ളത്. ഏരിയാ കമ്മിറ്റി സെക്രട്ടറി, ജില്ലാ കമ്മിറ്റി അംഗം, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് എന്നീ സ്ഥാപനങ്ങള്‍ വഹിക്കുന്ന നേതാവാണ് സക്കീര്‍.